തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഏപ്രിൽ 3 ന്
1443 – മത് ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ ചരിത്ര പ്രസിദ്ധമായ മകീര്യംപുറപ്പാട് ഏപ്രിൽ 3 ന് ചൊവ്വാഴ്ച നടക്കും. പകൽ 1.10 നും 2നും മധ്യേയാണ് തേവരുടെ പുറപ്പാട്. മീനമാസത്തിൽ ഉത്രം നക്ഷത്രം രാത്രിക്കുള്ള തിനെ ആസ്പദമാക്കി 8 ദിവസം മുൻപാണ് പൂരം പുറപ്പാട്. കൊടിമരമില്ലാത്ത ക്ഷേത്രത്തിൽ “പടഹാദി”യായാണ് പൂരം പുറപ്പാട് നടത്തി വരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഒരാഴ്ചക്കാലം തേവർ തട്ടകത്തിൽ വിവിധയിടങ്ങളിൽ ആറാട്ടുകൾക്കും പറകൾക്കുമായി ഗ്രാമപ്രദക്ഷണം നടത്തും ഏപ്രിൽ 9 ന് നടക്കുന്ന ആറാട്ടുപുഴ പൂരത്തിൽ തേവർ നടുനായകത്വം വഹിക്കും.
മകീര്യം പുറപ്പാട് ദിവസം ഊരായ്മക്കാർ ക്ഷേത്രത്തിനകത്തെത്തി നിയമ വെടിക്ക് അനുമതി നൽകിയ ശേഷം കുളിച്ച് മണ്ഡപത്തിലെത്തി മേൽശാന്തിക്ക് തേവരെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നൽകും. തുടർന്ന് തൃക്കോൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറക്കും ശേഷം ഭഗവാനെ സേതു കുളത്തിൽ ആറാട്ടിനായി 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. ആറാട്ടിനു ശേഷം തിരികെ പടിപ്പുരക്കൽ പടിക്കൽ ആദ്യ പറ സ്വീകരിച്ച് പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. ക്ഷേത്രച്ചടങ്ങുകൾക്കു ശേഷം മണിക്കിണറിനരികിൽ ചെമ്പിലാറാട്ടും നടത്തും. രണ്ടാം ദിവസം നടക്കൽ പൂരവും പുത്തൻകുളത്തിൽ ആറാട്ടും വൈകീട്ട് കാട്ടൂർപൂരവും നടക്കും. മൂന്നാം ദിവസം രാവിലെ ബ്ലാഹയിൽ കണ്ടമ്പുള്ളിച്ചിറയിലും വൈകീട്ട് നാട്ടിക ചേർക്കര കുറുക്കൻ കുളത്തിലും ആറാട്ടിനെഴുന്നള്ളും. നാലാം ദിവസം രാവിലെ വെന്നിക്കൽ പറയും പൈനൂർ പാടത്ത് തലക്കാട്ട് ചാലുകുത്തൽ ചടങ്ങും നടക്കും രാത്രി നാട്ടിക രാമൻകുളത്തിൽ ആറാട്ടും ഇല്ലങ്ങളിൽ പൂരവും നടക്കും.
അഞ്ചാം ദിവസം രാവിലെ പുത്തൻകുളത്തിൽ ആറാട്ടും സമൂഹമഠം പറയും നടക്കും വൈകീട്ട് തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടന്ന് കിഴക്കേ നട പൂരത്തിനും ചേലൂർപൂരത്തിനും എഴുന്നള്ളും. ഊരായ്മ മനകളിൽ പൂരം നടത്തും. ആറാം ദിവസം രാവിലെ കുട്ടൻ കുളം ശാസ്താ ക്ഷേത്രത്തിൽ ഇറക്കിപ്പൂജയുംകുട്ടൻകുളത്തിൽ ആറാട്ടും നടത്തും. തിരിച്ചെഴുന്നള്ളുന്ന തേവർക്ക് പുത്തൻകുളത്തിൽ ആറാട്ടു നടക്കും. ഏഴാം ദിവസം രാവിലെ തേവർ പുത്തൻ കുളത്തിൽ ആറാടും. രാത്രി കിഴുപ്പിള്ളിക്കര തന്ത്രി ഇല്ലത്തെ പൂരത്തിന് എഴുന്നള്ളും. തന്ത്രി ഇല്ലത്ത് ഇറക്കിപ്പൂജയും ചെമ്പിലാറാട്ടും നടക്കും. എട്ടാം ദിവസം രാത്രി അത്താഴ ശീവേലിക്കു ശേഷം തേവർ പള്ളിയോ ടത്തിൽ സ്വർണ്ണക്കോലത്തിൽ പുഴ കടന്ന് ആറാട്ടുപുഴ പൂരത്തിൽ നായകത്വം വഹിക്കാൻ എഴുന്നള്ളും. പിറ്റേന്ന് തിരിച്ചെഴുന്നള്ളുന്ന തേവർക്ക് പൂരം പുറപ്പാട് ദിവസത്തെ ചടങ്ങുകൾ ആവർത്തിച്ച് ഉത്രംവിളക്കും ആഘോഷിക്കും.