ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ (ഇവിഎം) വമ്പൻ മാറ്റം വരുത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ (ഇവിഎം) വമ്പൻ മാറ്റം വരുത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനിമുതൽ സ്ഥാനാർഥികളുടെ കളർ ചിത്രമടക്കം ഇവിഎമ്മുകളിൽ ഉപയോഗിക്കാനാണ് കമ്മീഷൻറെ തീരുമാനം. സ്ഥാാർത്ഥികളുടെ പേര്, സീരിയൽ നമ്പർ എന്നിവ കുറച്ചു കൂടി വ്യക്തമായി അച്ചടിക്കാനും നിർദ്ദേശമുണ്ട്. കൂടാതെ നിലവിലുള്ളതിനേക്കാൾ തെളിച്ചം കൂടിയ പേപ്പർ ഉപയോഗിക്കാനും നിർദ്ദേശത്തിൽ പറയുന്നു.ഇവിഎം ബാലറ്റ് പേപ്പറുകൾ വോട്ടർമാർക്ക് കൂടുതൽ വായനാക്ഷമമാക്കാനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ചുകൊണ്ടാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം. ഇതിൻ്റെ ഭാഗമായാണ് ഇവിഎമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രം ഉൾപ്പെടുത്തുന്നതിനടക്കം തീരുമാനമുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മിലുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും പേര് ഒരേ ഫോണ്ടിലാവണം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇവിഎമ്മുകളിൽ വ്യക്തതയോടെ കാണുന്നതിനായി ഫോട്ടോയുടെ നാലിൽ മൂന്ന് ഭാഗം സ്ഥാനാർത്ഥിയുടെ മുഖം ഉൾക്കൊള്ളിക്കും. എല്ലാ സ്ഥാനാർത്ഥികളുടെയും/നോട്ടയുടെയും പേരുകൾ ഒരേ ഫോണ്ട് രൂപത്തിലും എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര രീതിയിൽ ഇനി അച്ചടിക്കും. ഇവിഎം ബാലറ്റ് പേപ്പറുകൾ 70 ജിഎസ്എം പേപ്പറിലാകും അച്ചടിക്കുക. ഇനിമുതൽ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് നിർദ്ദിഷ്ട ആർജിബി മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പറുകളാകും ഉപയോഗിക്കുക.ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നവീകരിച്ച ഇവിഎം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശേഷം വരുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും ഇവിഎം പരിഷ്കരണം നടപ്പാക്കും.