സിപിഎം നേതാവ് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Spread the love

സിപിഎം നേതാവ് ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മിനുള്ളില്‍ ഇത് നാളുകളായി നടന്നു വരുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സിപിഎം നേതാക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുക്കള്‍ വാരിക്കൂട്ടുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.ഇപി ജയരാജന്റെ ഭാര്യയും മകനും ആയുര്‍വേദ റിസോര്‍ട്ടില്‍ പങ്കാളിയാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ക്ക് ഇത്തരം സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത്?. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടെ പേരിലും ഇഷ്ടക്കാരുടെ പേരിലും വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണ്.കേരളത്തിലെ സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍, അവര്‍ എംഎല്‍എയോ, എംപിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സര്‍ക്കാരോ, പാര്‍ട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകള്‍ പുറത്തു വിടുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.അതേസമയം സിപിഎം നേതാവ് ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നേതാക്കളെ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍.പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച ഐഎന്‍എല്‍ സമ്മേളനത്തില്‍ ജയരാജന്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *