തെരുവു നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു
പോത്തൻകോട്: പോത്തൻകോട് നേതാജിപുരത്ത് തെരുവു നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ ആറ് ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. അഞ്ച് ആണാടുകളെയും കെന്നടി ഇനത്തിലെ ഒരു ഗർഭിണിയായ ആടിനെയുമാണ് തെരുവുനായ്ക്കൾ കടിച്ച് കൊന്നത്.വെളുപ്പിന് മൂന്നു മണിക്ക് ആണ് സംഭവം. പശുവിനെ കറക്കുന്നതിനുവേണ്ടി ഷാഫി എഴുന്നേറ്റ സമയത്ത് തൊഴുത്തിനു സമീപം നായ്ക്കൾ ഓടുന്നതു കണ്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടത്തോടെ ഷാഫിയെ ആക്രമിക്കാനെത്തി. ചുറ്റുമതിൽ ചാടിയെത്തിയ പന്ത്രണ്ടോളം തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് ആടുകളെ ആക്രമിച്ചത്.കുറച്ച് ദിവസം മുമ്പ് അയൽവാസിയായ ഭുവനചന്ദ്രൻ നായരുടെ രണ്ട് ആടുകളെയും നായ്ക്കൾ കടിച്ചു കൊന്നിരുന്നു. ബുധനാഴ്ച മറ്റൊരു അയൽവാസിയായ ഷറഫുദ്ദീന്റെ ഒരു ആടിനേയും നായ്ക്കൾ കൊന്നിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാഫി വ്യക്തമാക്കി.