ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം

Spread the love

തിരുവനന്തപുരം: ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട പട്ടികയില്‍ ആണ് കേരളവും ഉള്ളത്. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *