ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബർ വനിതാ ദിന സെമിനാര്‍

Spread the love

കോഴിക്കോട്: സൈബർ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി വാറ്റില്‍കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ്, ഗവൺമെന്റ് സൈബർപാർക്ക് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആചരിച്ചു.

എല്ലാ വർഷവും സെപ്റ്റംബർ 1-നാണ് അന്താരാഷ്ട്ര സൈബർ വനിതാ ദിനം ആഘോഷിക്കുന്നത്. പരിപാടിയിൽ സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ വനിതാ പ്രൊഫഷണലുകള്‍ പങ്കെടുത്തു.

IOSS ഡയറക്ടറും കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) ഭരണസമിതി അംഗവുമായ അബ്ദുൾ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാറ്റിൽകോർപ്പില്‍ പെനിട്രേഷന്‍ ടെസ്റ്ററായി പ്രവർത്തിക്കുന്ന ആയിഷ സഫ്ന “സൈബർ സുരക്ഷയിലെ സ്ത്രീകൾ” എന്ന വിഷയത്തിൽ പ്രത്യേക സെഷനും സംഘടിപ്പിച്ചു. സൈബർ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം, തൊഴിൽ അവസരങ്ങൾ, മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു.

സൈബർ സുരക്ഷാ മേഖലയിൽ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം വാറ്റില്‍കോർപ്പിന്റെ സ്ഥാപകനും ഡയറക്ടറും കാഫിറ്റ് വൈസ് പ്രസിഡന്റുമായ കളത്തില്‍ കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാറ്റില്‍കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ്, ലോകമെമ്പാടുമുള്ള 18 രാജ്യങ്ങളിൽ വിവിധ സൈബർ സുരക്ഷാ സേവനങ്ങൾ നൽകിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *