സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ പെൻഷൻ നൽകാൻ സാവകാശം തേടി കെഎസ്ഇബി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ പെൻഷൻ നൽകാൻ സാവകാശം തേടി കെഎസ്ഇബി. നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയിൽ രണ്ട് മാസത്തെ സാവകാശമാണ് കെഎസ്ഇബി തേടിയിരിക്കുന്നത്. പെൻഷനേഴ്സ് കൂട്ടായ്മയുടെ ഹർജിയിലാണിത്. പെൻഷൻ നൽകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി വരവ് സർക്കാർ അടുത്തിടെ തിരിച്ചെടുത്തിരുന്നു. കൂടാതെ, മാസ്റ്റർ ട്രസ്റ്റിൽ നിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറിയത്.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പെൻഷൻ മുടങ്ങിയിട്ടില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ നവംബറിൽ ചീഫ് സെക്രട്ടറി ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും, അവ പരാജയപ്പെടുകയായിരുന്നു. തുടർന്ന് പെൻഷൻ ചെലവ് കൂടി താരിഫ് നിർണയത്തിൽ ഉൾപ്പെടുത്തി. എന്നാൽ, ഈ നീക്കത്തെ ഉപഭോക്താക്കളുടെ വിവിധ സംഘടനകൾ എതിർക്കുകയായിരുന്നു. ഇതോടെ, മാർച്ച് 6 വരെ സമയം അനുവദിക്കണമെന്നാണ് ഇടക്കാല അപേക്ഷ. ഇവ അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.