ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോ​ഗി രോ​ഗവിമുക്തനായി

Spread the love

ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോ​ഗി രോ​ഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്ര​ഗ് റെ​ഗുലേറ്ററായ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അം​ഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ രോ​ഗിക്ക് തുണയായത്. ഡോ. വി.കെ. ​ഗുപ്തയാണ് ഈ ചികിത്സയുടെ ആദ്യ ​ഗുണഭോക്താവായത്.NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോ​ഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. രോ​ഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചികിത്സയ്ക്കൊടുവിൽ ​ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് കൂടിയായ ഡോ. വി.കെ.​ഗുപ്ത കാൻസർ വിമുക്തനായെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.മജ്ജമാറ്റിവെക്കൽ ചികിത്സയും പരാജയപ്പെട്ടതോടെയാണ് വി.കെ.​ഗുപ്തയിൽ CAR-T സെൽ തെറാപ്പി പരീക്ഷിച്ചത്. രോ​ഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അം​ഗീകാരം നൽകിയത്. ടാറ്റാ മെമോറിയൽ സെന്ററിലും ഐഐടി ബോംബേ ലബോറട്ടറികളിലുമായാണ് ​ഗുപ്തയ്ക്കു വേണ്ടിയുള്ള തെറാപ്പി വികസിപ്പിച്ചത്.കാലങ്ങളായി കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയ ചികിത്സാരീതികളാണ് കാൻസർരോ​ഗികളെ ചികിത്സിക്കാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ ഈ പ്രത്യേകയിനം ചികിത്സാരീതിയിൽ ഇമ്മ്യൂൺ സെല്ലുകളെ(പ്രത്യേകിച്ച് ടി-സെല്ലുകളെ) പരിഷ്കരിക്കുകയും അവയെ കാൻസർകോശങ്ങളോട് പൊരുതുന്നവയാക്കുകയും ചെയ്യുകയാണ്. ശരീരത്തിന്റെ രോ​ഗപ്രതിരോധശേഷി നിലനിർത്തുന്നതിലും മറ്റ് ഉപദ്രവകാരികളായ കോശങ്ങളെ ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നവയാണ് ടി-സെല്ലുകൾ.ഈ ചികിത്സയുടെ ഭാ​ഗമായി ഓരോ രോ​ഗികൾക്കും വേണ്ടി പ്രത്യേകമായി ടി-സെല്ലുകളെ പരിഷ്കരിച്ച് ശരീരത്തിലേക്ക് തിരികെ കയറ്റുകയും അവ കാൻസർ കോശങ്ങളോട് പൊരുതുകയും ചെയ്യുന്നു.മറ്റുരാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടെ വികസിപ്പിച്ച CAR-T cell തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവാണെന്നാണ് മൃ​ഗങ്ങളിൽ നടത്തിയ ലബോറട്ടറി ടെസ്റ്റുകളിലും പരീക്ഷണങ്ങളിലും വ്യക്തമായത്.കീമോതെറാപ്പിയിൽ നിന്നെല്ലാം വ്യത്യസ്തമായി പല സെഷനുകൾ വേണ്ടിവരുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയെ വേറിട്ടതാക്കുന്നത്. CAR-T തെറാപ്പിക്കുവേണ്ടി 42 ലക്ഷത്തോളം രൂപ വി.കെ.​ഗുപ്ത ചെലവാക്കിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് മൂന്നുമുതൽ നാലുകോടിയോളം ചെലവുവരുന്ന ചികിത്സാരീതിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *