കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

Spread the love

ആറ്റിങ്ങൽ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആശംസ പ്രസംഗം നടത്തി. മാമം മൈതാനത്ത് നിന്നും ആരംഭിച്ച പദയാത്ര പൂവൻ പറമ്പിൽ സമാപിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രയിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. നരേന്ദ്രമോദിയുടെ പ്ലക്കാർഡുമേന്തി കെ.സുരേന്ദ്രനും വി.മുരളീധരനും പ്രകാശ് ജാവദേക്കറിനും അനുകൂല മുദ്രാവാക്യം പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തത്. മോദി സർക്കാരിൻ്റെ വിവിധ ജനപ്രിയ പദ്ധതികൾ അനൗൺസ്മെൻ്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ അംഗമാക്കുവാൻ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്ക് വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി പദ്ധതികളിൽ അംഗങ്ങളായത്.*കേരളത്തിൽ നടക്കുന്നത് കൊള്ള: കെ.സുരേന്ദ്രൻ*കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മാസപ്പടിയിൽ ഉൾപ്പെടെ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും എൻഡിഎ കേരള പദയാത്രയുടെ ആറ്റിങ്ങലിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് തുടങ്ങും മുമ്പ് തന്നെ ഇൻഡി സഖ്യം തോൽവി സമ്മതിച്ചു. മമത ബാനർജി പറഞ്ഞത് കോൺഗ്രസിന് 40 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നാണ്. എന്നാൽ അത്രയും സീറ്റ് പോലും കോൺഗ്രസിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.*കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയർത്തിപ്പിടിച്ച്: വി.മുരളീധരൻ*പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ. വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10 വർഷമായി നരേന്ദ്രമോദി ഭരിക്കുന്നത്. രാജ്യത്ത് 3 കോടി വീടുകൾ മോദി സർക്കാർ പണിതു. കേരളത്തിൽ മാത്രം 3 ലക്ഷം വീടുകൾ പണിതു. എന്നാൽ കേരളത്തിൽ സർക്കാർ പദ്ധതികളുടെ പേരിൽ അഴിമതി നടക്കുകയാണ്. ലൈഫ് പദ്ധതിയുടെ പേരിൽ പോലും അഴിമതി നടന്നിരിക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 6,000 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ പ്രഖ്യാപിച്ചത്. ഒരു എംപിയും ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ ആനുകൂല്ല്യങ്ങളാണ് കേന്ദ്ര സർക്കാർ ഈ നാടിന് നൽകുന്നത്. ആറ്റിങ്ങലുകാർ തിരഞ്ഞെടുത്ത എംപി ആ പരിപാടിയിൽ പങ്കെടുത്തില്ലെന്നത് ഖേദകരമാണ്. നരേന്ദ്രമോദി സർക്കാരിന് ആറ്റിങ്ങലിനോടുള്ള കരുതൽ എല്ലാ കാര്യത്തിലും വ്യക്തമാണെന്നും വി.മുരളീധരൻ പറഞ്ഞു.*ബിജെപി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പോലും സമ്മതിച്ചു: പ്രകാശ് ജാവദേക്കർ*കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ കേരളത്തിലുള്ള വലിയ വിഭാഗം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചു. ഇത്തവണ കടുത്ത കോൺഗ്രസുകാർ പോലും അത് വിശ്വസിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ദില്ലിയിൽ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ ഉജ്ജ്വലയോജനയിലൂടെ ഗ്യാസ് കണക്ഷനും സൗജന്യ വാക്സിനും നൽകിയ മോദി സർക്കാരിന് കേരളം വോട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.എൻഡിഎ വൈസ് ചെയർമാനും കാമരാജ കോൺഗ്രസിൻ്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് എസ്ആർഎം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *