ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോലീസ്

Spread the love

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു.‘നിലവില്‍ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിട്ടിയവിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ’, ആലപ്പുഴ എസ്പി പറഞ്ഞു.മൃതദേഹത്തില്‍ രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പോലീസ് വ്യക്തമാക്കി. 15 വര്‍ഷംമുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കിട്ടിയിട്ടില്ല. അമ്പലപ്പുഴയിലാണ് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്നും കൊലചെയ്യപ്പെട്ടതാകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിവരം കുറച്ചുനാള്‍ മുമ്പ് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.അമ്പലപ്പുഴയിലെ പോലീസ് ടീമിനെ വെച്ചാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൊലപാതകത്തിന് എഫ്ഐആര്‍ ഇട്ടശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ആലപ്പുഴ എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *