കേരളത്തിലെ ബി.ജെ.പി.യുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
കണ്ണൂര്‍: ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂരില്‍ സി.പി.എമ്മിന്റെ വടക്കന്‍മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രത്തിലാദ്യമായി തുടര്‍ഭരണംനേടിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും വിമര്‍ശനമുണ്ടായി. സംസ്ഥാന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമായി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഭരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് വലിയ തിരിച്ചടിയായി. പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്നവരില്‍ ചിലര്‍ എല്‍.ഡി.എഫിന് വോട്ടുചെയ്തില്ലെന്നുവേണം കരുതാന്‍.നേതൃത്വം ജനങ്ങളില്‍നിന്ന് അകന്നു. പാര്‍ട്ടി തെറ്റുതിരുത്തുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം പ്രതിരോധിക്കാനായെങ്കിലും ജനകീയപദ്ധതികള്‍ നടപ്പാക്കുന്നതില്‍ പിന്നാക്കംപോയി. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമപെന്‍ഷന്‍കാരും വോട്ടുചെയ്യാതിരുന്നത് കനത്തപരാജയത്തിലേക്ക് നയിച്ചെന്നും അദ്ദേഹം റിപ്പോര്‍ട്ടുചെയ്തു.