എസ്. എഫ്.ഐ യുടെ വെല്ലുവിളികൾ നേരിടാൻ ഗവർണർ
തേഞ്ഞിപ്പലം: എസ്.എഫ്.ഐ.യുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ താമസിക്കാനെത്തും. ഇന്നു വൈകിട്ട് 6.10 -ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ 6.50 -ന് സർവകലാശാലയിൽ എത്തും. സർവകലാശാലയിലെ വി.ഐ.പി. ഗസ്റ്റ് ഹൗസിലാകും ഗവർണറുടെ താമസം. സർവകലാശാലകളിൽ ഗവർണറെ പ്രതിരോധിക്കുമെന്ന നിലപാടിൽ എസ്എഫ്ഐ ഉറച്ചുനിൽക്കുമ്പോഴാണ് ഗവർണർ സർവകലാശാലയിൽ താമസിക്കാനെത്തുന്നത്. ഈ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്.പി.മാരും ആറ് സി.ഐ. മാരുമടക്കം മുന്നൂറിലേറെ പോലിസുകാരാണ് ഇസഡ് പ്ലസ് വിഭാഗം സംരക്ഷണമുള്ള ഗവർണർക്ക് സുരക്ഷയൊരുക്കുക. അഗ്നിരക്ഷാ സേനയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും സേവനവും ഉണ്ടാകും.ഞായറാഴ്ച പകൽ കോഴിക്കോട്ടെ വിവാഹവിരുന്നിൽ പങ്കെടുക്കാൻ പോകുന്ന ഗവർണർ വൈകീട്ട് കാമ്പസിൽ തിരിച്ചെത്തും. തിങ്കളാഴ്ച വൈകീട്ട് 3.30-ന് കാലിക്കറ്റ് കാമ്പസിൽ സനാതന ധർമ്മപീഠം ആൻഡ് ഭാരതീയ വിചാരകേന്ദ്രം ചെയർ സെമിനാർ കോപ്ലക്സിൽ നടത്തുന്ന സെമിനാർ ഉദ്ഘാടനം മാത്രമാണ് ഗവർണർക്കുള്ള ഔദ്യോഗിക പരിപാടി.ഇതിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജാണ് അധ്യക്ഷൻ. ഈ പരിപാടി കഴിഞ്ഞ് തിങ്കളാഴ്ച്ച രാത്രി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, കാലിക്കറ്റ്, കേരള സർവകലാശാലാ സെനറ്റുകളിലേക്ക് ബി.ജെ.പി. അനുകൂലികളെ നാമനിർദ്ദേശംചെയ്ത ഗവർണറുടെ നടപടിക്കെതിരേ ശനിയാഴ്ചയോ തിങ്കളാഴ്ചയോ കാമ്പസിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തുമെന്നാണ് വിവരം. കടുത്ത സമ്മർദ്ദത്തിലുള്ള പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. തിരുവനന്തപുരത്തേതുപോലെ ഗവർണറെ തടയലും ശക്തമായ പ്രതിഷേധവും ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കാമ്പസിലും കരിപ്പൂരിൽനിന്നുള്ള വഴിയിലും പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കുന്നത്.വെള്ളിയാഴ്ച ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിൽ കാമ്പസിലും ഗസ്റ്റ് ഹൗസിലും പ്രത്യേക പരിശോധന നടത്തി. യോഗംചേർന്ന് സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി. ഗവർണറുടെ 12 അംഗ സുരക്ഷാ സംഘവും കാമ്പസിൽ എത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗസ്റ്റ് ഹൗസിൽ മുറിയെടുത്തവരെയെല്ലാം ഒഴിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഗംഗാധരൻ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.ആർ. ബിജോയ്, കൊണ്ടോട്ടി ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.ഗവർണറെ സ്വാഗതംചെയ്തും ‘ഗോ ബാക്ക്’ വിളിച്ചും കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ബോർഡുകളും പോസ്റ്ററുകളും ഇടംപിടിച്ചുകഴിഞ്ഞു. പ്രധാന പ്രവേശനകവാടത്തിനു സമീപം കമാനരൂപമുണ്ടാക്കിയാണ് ചാൻസലറെ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നത്. സനാതന ധർമപീഠം ചെയർ നടത്തുന്ന സെമിനാറിന്റെ ബോർഡും അടുത്തുണ്ട്. എസ്.എഫ്.ഐ. യൂണിവേഴ്സിറ്റി കാമ്പസ് കമ്മിറ്റിയുടെ പേരിലാണ് പലയിടങ്ങളിലായി ‘ചാൻസലർ ഗോ ബാക്ക്’ പോസ്റ്ററുകൾ. ‘ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട, സർവകലാശാലകൾ ആരുടെയും തറവാട്ടു സ്വത്തല്ല, ചാൻസലർ രാജാവോ അതോ ആർ.എസ്.എസ്. നേതാവോ ? ചാൻസലർ കാമ്പസിന് അകത്ത്, സവർക്കർ കാമ്പസിന് പുറത്ത്’ എന്നിങ്ങനെ നിരവധി പോസ്റ്ററുകളുമുണ്ട്.