യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടും’: വിഡി സതീശൻ

Spread the love

കോഴിക്കോട്: കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീടും നാടും ഞങ്ങള്‍ക്കറിയാം. കോണ്‍ഗ്രസുകാര്‍ വിചാരിച്ചാല്‍ ഇത്തരക്കാര്‍ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗണ്‍മാൻ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറ‍ഞ്ഞു. ശബരിമലയില്‍ ഡ്യൂട്ടിക്ക് വിടാൻ പൊലീസില്ലാത്തപ്പോള്‍ നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മര്‍ദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പൊലീസ് ഫോഴ്സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവൻ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളും നടത്തും. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. സാഡിസ്റ്റ് മനോനിലയാണ് മുഖ്യമന്ത്രിക്ക്. മര്യാദയുടെ അതിര്‍വരമ്ബ് ലംഘിക്കുകയാണ്. രാജാവ് എഴുന്നള്ളുമ്ബോള്‍ പ്രതിഷേധം പാടില്ലെന്നാകും. മുഖ്യമന്ത്രി മരുന്നു കഴിക്കാൻ മറന്ന് പോവുന്നുണ്ടെന്നാണ് സംശയം, മന്ത്രിമാരതെടുത്ത് കൊടുക്കണം. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള യാത്രയെന്നും സതീശൻ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം ഇരട്ട നീതിയാണ്. സെനറ്റ് നോമിനേഷൻ തയ്യാറാക്കിയ ആളെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. എസ്‌എഫ്‌ആ മാര്‍ച്ച്‌ നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഗണ്‍മാന്‍റെ നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രത്യേക ഉദ്യേശ്യത്തോടെയെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. യൂണിഫോമിലുള്ള പൊലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകര്‍. നാടിനു വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ ചാടി വീഴുന്ന സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *