യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടരി ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയിരിക്കുന്നത്. ബിനുവിന്റെ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിൻ്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമ വകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം.