ചിതറക്കാർക്ക് തലവേദനയായ വടിവാളും നീട്ടിപ്പിടിച്ച് വെല്ലുവിളിച്ച സജീവനെ നാട്ടുകാർ പൊക്കി
കൊല്ലം ചിതറക്കാർക്ക് തലവേദനയായ വടിവാളും നീട്ടിപ്പിടിച്ച് വെല്ലുവിളിച്ച സജീവനെ നാട്ടുകാർ പൊക്കി. സ്വത്ത് കേസിൽ രണ്ടുദിവസമായി പൊലീസിനെ നാണം കെടുത്തിക്കൊണ്ടിരിക്കുന്ന സജീവനെ പിടികൂടാൻ ഒടുവിൽ നാട്ടുകാർക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. കിഴക്കുംഭാഗത്ത് യുവതിയെ വീടിന് സമീപത്തെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി കതകടച്ച് ഇരിക്കുകയായിരുന്നു ഇയാൾ. സ്വന്തം മാതാവിനെയും ഇയാൾ കൂടെക്കൂട്ടിയിരുന്നു. വളർത്തു നായകളെ അഴിച്ചു വിട്ടിരുന്നതിനാൽ പൊലീസിന് വീടിനുള്ളിൽ കയറാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നും സജീവ് ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് നായ പരിശീലകരുടെ സഹായത്തോടെ ഇയാൾ അഴിച്ചു വിട്ടിരുന്ന ഒരു നായയെ മാറ്റി പൊലീസ് വീടിനുള്ളിൽ കടക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. ഈ സമയം വീട് പൂട്ടി അമ്മയുമായി സജീവ് വീടിനകത്ത് നിലയുറപ്പിച്ചു. അമ്മയും സജീവന് പിന്തുണ നൽകിയതോടെ പൊലീസും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. ഇതിനിടെ സുഹൃത്തുക്കളടക്കമുള്ളവർ സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ ഇയാൾ തയ്യാറായില്ല. തൻ്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തിലാണ് സജീവൻ്റെ ശ്രദ്ധമാറിയ സമയത്ത് നാട്ടുകാർ രംഗത്തിറങ്ങിയത്. നാട്ടുകാരുടെ അപ്രതീക്ഷിതമായ നീക്കത്തിൽ സജീവൻ കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ സജീവൻ അതിക്രമിച്ച് കയറിയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. റോട്‌വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിലൊളിച്ചു. സുപ്രഭ താമസിക്കുന്നത് തൻ്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവൻ വാദിച്ചത്. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയിരുന്നില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു.വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്വന്തം വീട്ടിലേയ്ക്ക് പോകുകയായിരുന്നു. നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി ഇരുപ്പറപ്പിക്കുകയും ചെയ്തു. പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയായിരുന്നു. തുടർന്നാണ് നായപിടിത്തക്കാരുടെ സഹായം പൊലീസ് തേടിയത്. മുമ്പും ഇയാൾ ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നത്. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിൻ്റെ വീഴ്ചയെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.