താനൂരിൽ നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ പെട്ടെന്ന് കണ്ടെത്തി; പൊലീസിനെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്താനായ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിങ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഇതിനാവശ്യമായി നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അതേസമയം, കുട്ടികളെ നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും. അന്വേഷണ സംഘം കുട്ടികളുമായി 12 മണിയോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി, രക്ഷിതാക്കള്‍ക്കുള്‍പ്പെടെ കൗണ്‍സിലിങ് നല്‍കിയതിന് ശേഷമായിരിക്കും വീട്ടിലേക്ക് അയയ്ക്കുക. എന്തിനാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും യാത്രയില്‍ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് വീട്ടില്‍ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികള്‍ മുംബൈയിലേക്ക് കടന്നത്. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.