ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍

Spread the love

തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചരണത്തിന് മറുപടിയായാണ് കളക്ടറുടെ നടപടി. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കേണ്ടത് പൊതുജനങ്ങളുടെ നിയമപരമായ ബാദ്ധ്യതയാണെന്നും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫി ഈടാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മാനേജ്‌മെന്റ് റൂളിലെ 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് മാനേജ്‌മെന്റ് റുളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫി നല്‍കാന്‍ ജില്ലയിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ബാദ്ധ്യസ്ഥമാണ്. ഇത് പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഹരിതകര്‍മ്മസേനകളെ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ബൈലോ നടപ്പിലാക്കിവരുന്നു. അത് പ്രകാരം എല്ലാ വീടുകളും സ്ഥാപനങ്ങളും ഇത് പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. സംസ്ഥാന സര്‍ക്കാരിന്റെ 12.08.2020 ലെ ഉത്തരവ് പ്രകാരം ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യൂസര്‍ഫീ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ ഓര്‍മ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *