പിപി തങ്കച്ചന് വിട നൽകാനൊരുങ്ങി നാട്, മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചന് വിട നൽകാനൊരുങ്ങി കേരളം. ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്.തങ്കച്ചന്റെ ആഗ്രഹ പ്രകാരം മറ്റ് ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് ഒഴിവാക്കിയിരുന്നു. പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടും.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ വൈകുന്നേരം 4.30നാണ് അന്തരിച്ചത്. കെപി സിസി പ്രസിഡൻ്റ്, യുഡിഎഫ് കൺവീനർ, ആൻ്റണി മന്ത്രി സഭയിൽ കൃഷിമന്ത്രി, പെരുമ്പാവൂരിൽ നിന്ന് നാലുതവണ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡൻ്റ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി, എകെ ആൻ്റണി, കെസി വേണുഗോപാൽ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും അറിയിച്ചു.