നെയ്യാറ്റിൻകര മണ്ഡലത്തിൽ ഇരുമ്പിൽ – കന്നിപ്പുറം പാലവും മുള്ളറവിള – ആയയിൽ പാലവും യാഥാർത്ഥ്യമാകുന്നു

പാലങ്ങൾ നാടിൻ്റെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് കണ്ടുകൊണ്ട് 5 വർഷം കൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യമായിരുന്നു അധികാരത്തിലേറുമ്പോൾ ഈ സർക്കാരിനുണ്ടായിരുന്നതെന്നും നാല് വർഷം കൊണ്ട് തന്നെ ലക്ഷ്യം പൂർത്തീകരിച്ചെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇരുമ്പിൽ – കന്നിപ്പുറം, മുള്ളറവിള – ആയയിൽ പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മലമ്പുഴ മണ്ഡലത്തിൽ ഉടൻ ഉദ്ഘാടനം ചെയ്യുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നേതൃത്വം കൊടുത്ത വികസന പദ്ധതിയായ പാലം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള 149-മത്തെ പാലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാരിൻ്റെ കാലയളവിലെ 150-ാമത്തെ പാലം പാറശാല മണ്ഡലത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നെയ്യാറ്റിൻകര മണ്ഡലത്തിൽ നിലവിലുളള 15 പാലങ്ങളിൽ ഒൻപതും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പൂർത്തിയാക്കിയത്. 2016നു ശേഷം മണ്ഡലത്തിൽ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിൻ്റെ നഗര- ഗ്രാമാന്തരങ്ങളിൽ വികസനത്തിൻ്റെ മാറ്റം കാണാൻ സാധിക്കും. പശ്ചാത്തല വികസന മേഖലയുടെ വികസനം ഒരു മാജിക് പോലെ ജനം അനുഭവിക്കുന്നു. ഇത് സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നെയ്യാറിന് കുറുകെ കന്നിപ്പുറം, ആയയിൽ എന്നീ രണ്ട് പാലങ്ങളാണ് യാഥാർത്ഥ്യമാകുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 15.17 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇരുമ്പിൽ – കന്നിപ്പുറം പാലം, പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ ചുറ്റാതെ അതിവേഗം നെയ്യാറ്റിൻകര നഗരത്തിൽ എത്താൻ വഴിയൊരുക്കുന്നതാണ്. മാമ്പഴക്കര നിവാസികളുടെ ചിരകാല സ്വപ്നമാണ് മുള്ളറവിള ആയയിൽ പാലം. ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ അരുവിപ്പുറത്തേക്കും ആയയിൽ ഭഗവതി ക്ഷേത്രത്തിലേക്കുമുള്ള യാത്ര സുഗമമാകും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 20.6 കോടി രൂപ ചെലവിലാണ് നിർമ്മാണം. റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. കെ. ആൻസലൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എംഎൽഎ മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, നഗരസഭാ അംഗങ്ങളായ കെ. കെ ഷിബു, ആർ. അജിത, ഷിബു കൃഷ്ണൻ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻ്റ് സുരേന്ദ്രൻ, റോഡ് ഫണ്ട് ബോർഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.