മണ്ണിപ്പൂരിൽ ബിജെപിക്ക് വലിയ തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ ബിജെപിക്ക് വലിയ തിരിച്ചടി. മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ നിന്ന് 43 ബിജെപി അംഗങ്ങളാണ് പാർട്ടി വിട്ടത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പുള്ള ഈ കൂട്ടരാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.നാഗാ ഭൂരിപക്ഷ പ്രദേശമായ ഫുംഗ്യാർ മണ്ഡലത്തിലെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് രാജി പ്രഖ്യാപിച്ചത്. മഹിള, യുവ, കിസാൻ മോർച്ചകളുടെ തലവന്മാരും വിവിധ ബൂത്ത് പ്രസിഡന്റുമാരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. പാർട്ടിയിലെ കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത സമീപനം, താഴെത്തട്ടിലുള്ള നേതാക്കളോടുള്ള അവഗണന എന്നിവയാണ് രാജിക്ക് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 2023-ലെ വംശീയ കലാപത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് മണിപ്പൂർ സന്ദർശിക്കുന്നത്. കലാപത്തിൽ 260-ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിലവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണമാണ്. ഫെബ്രുവരിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഈ സാഹചര്യത്തിൽ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്.