സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി

Spread the love

തിരുവനന്തപുരം: സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്ന് കെ കൃഷ്ണൻകുട്ടി. ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ തുടരും. കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി പിന്തുണച്ചുമായിരുന്നു നേരത്തെ സിപിഎം പ്രതികരണം. കേരള ജെഡിഎസ്, എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കിയത്.ബിജെപി സഖ്യം പിണറായി അറിഞ്ഞുകൊണ്ടാണെന്ന പ്രസ്താവന പിന്നീട് വിവാദമായതോടെ ദേവഗൗഡ തിരുത്തിയിട്ടുണ്ട്. വിവാദം ഏറ്റുപിടിച്ച പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിൻമാറിയിട്ടുമില്ല. അനാവശ്യ വിവാദവും അസ്ഥിത്വ പ്രശ്നവും ഒരു പോലെ പ്രതിസന്ധിയാണെന്ന് വിലയിരുത്തുന്ന മറ്റ് ഘടകക്ഷികൾ ഇടതുമുന്നണിക്കകത്ത് ജനതാദളിനെതിരെ എടുക്കുന്ന സമീപനവും വരും ദിവസങ്ങളിൽ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *