ചെറിയച്ഛന്റെ ഭാര്യ ക്രൂരനായി : നാല് വയസുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു
പാലക്കാട്: നാല് വയസുകാരനെ പിതാവിന്റെ സഹോദര ഭാര്യ കഴുത്ത് ഞെരിച്ചുകൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വണ്ണാമട തുളസി നഗര്‍ മധുസൂദനന്റെ മകന്‍ ഋത്വിക് ആണ് മരിച്ചത്. പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ദാസാണ് ഞെട്ടിക്കുന്ന കൃത്യംചെയ്തത്. രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം. സംഭവത്തിനു പിന്നാലെ കഴുത്തിന് സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:മധുസൂദനന് ഡല്‍ഹിയിലാണ് ജോലി. ബന്ധുവിന് സുഖമില്ലാത്തതിനെത്തുടര്‍ന്ന് മധുസൂദനന്റെ ഭാര്യ ആതിരയടക്കം എല്ലാവരും സമീപത്തെ ആശുപത്രിയില്‍ പോയി. ഉറക്കംവന്നതിനെത്തുടര്‍ന്ന് ഋത്വിക് അടക്കമുള്ള കുട്ടികളെ വീട്ടില്‍കൊണ്ടാക്കി. ഇവരോടൊപ്പം ദീപ്തി ദാസിനെയും വീട്ടിലിരുത്തി. ആശുപത്രിയില്‍ പോയവര്‍ രാത്രി പത്തുകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലില്‍ തട്ടിയിട്ടും തുറന്നില്ല. ഇതിനിടെ, പെണ്‍കുട്ടി എങ്ങനെയോ വീടിന്റെ പിന്നിലെ വാതില്‍ തുറന്നു. അകത്ത് ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് ഇവര്‍ കണ്ടത്. സമീപത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദീപ്തിയെയും കണ്ടു. ഉടനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. പരിക്കേറ്റ ദീപ്തി ദാസിനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.