സുരക്ഷിത ഭക്ഷണം: ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റിന് ലഭിച്ചത് 114 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് കേരളത്തില്‍ 21
ന്യൂഡൽഹി : രാജ്യത്ത് സുരക്ഷിത ഭക്ഷണം നല്‍കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായി കേരളത്തിലെ 21 സ്റ്റേഷനുകള്‍. രാജ്യത്താകമാനം 114 റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച റേറ്റിംഗ് നല്‍കുന്നത്. ഇന്ത്യയില്‍ ആകെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നര ശതമാനത്തിനാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 7,349 റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതില്‍ ഹാള്‍ട്ട് സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. ആകെ 199 റെയില്‍വേ സ്റ്റേഷനുകളുള്ള കേരളത്തില്‍ 21 എണ്ണത്തിന് മാത്രമാണ് സര്‍ട്ടിഫിക്കറ്റിന് യോഗ്യത നേടാനായത്. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും മികച്ച ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്റ്റേഷനുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നല്ലൊരു ഭാഗം സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും ഗുണനിലവാരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല.ശുചിത്വം മുതല്‍ മാലിന്യസംസ്കരണം വരെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി മനസിലാക്കിയ ശേഷമാണ് സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കേരളത്തില്‍ തലശേരി, കണ്ണൂര്‍, വടകര, പാലക്കാട് ജംക്ഷൻ, ചാലക്കുടി, പരപ്പനങ്ങാടി, ഷൊര്‍ണൂര്‍ ജംക്ഷൻ, ചെങ്ങന്നൂര്‍, ചങ്ങനാശേരി, വര്‍ക്കല, തിരൂര്‍, ആലപ്പുഴ, ആലുവ, കോട്ടയം, തിരുവല്ല, അങ്കമാലി, കരുനാഗപ്പള്ളി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ സ്റ്റേഷനുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.