12 വയസ്സുള്ള ബംഗാളി കുടിയേറ്റ ബാലന്റെ ധീരതയും അവസരോചിത ഇടപെടലുംമൂലം ഒഴിവായത് വലിയൊരു ട്രെയിന്‍ ദുരന്തം
കൊല്‍ക്കത്ത: 12 വയസ്സുള്ള ബംഗാളി കുടിയേറ്റ ബാലന്റെ ധീരതയും അവസരോചിത ഇടപെടലുംമൂലം ഒഴിവായത് വലിയൊരു ട്രെയിന്‍ ദുരന്തം. പശ്ചിമബംഗാളിലെ മാള്‍ഡജില്ലയില്‍ വെള്ളിയാണ് സംഭവം. മഴമൂലം മണ്ണും പാളത്തിലെ കല്ലുകളും ഒലിച്ചുപോയതോടെയാണ് ട്രാക്കിലെ ഒരുഭാഗം തകര്‍ന്നത്. ട്രെയിന്‍ കടന്നുപോവുകയാണെങ്കില്‍ പാളം തെറ്റി വലിയൊരു ദുരന്തത്തിന് കാരണമാകേണ്ടതായിരുന്നു. തകര്‍ന്ന ട്രാക്ക് ശ്രദ്ധയില്‍പ്പെട്ട മുര്‍സലിം ശൈഖ് എന്ന പന്ത്രണ്ടുകാരനാണ് താന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരി ട്രെയിന്‍ തടഞ്ഞത്. പാളത്തിന് തൊട്ടടുത്തിരിക്കവെ ദൂരെനിന്ന് ട്രെയിന്‍ കണ്ടതോടെയാണ് ട്രാക്ക് തകര്‍ന്നത് മുര്‍സലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മുര്‍സലിം പാളത്തിലിരുന്ന് ചുവപ്പ് തുണി വീശുന്നത് കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തി ബാലന്റെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കി. ട്രാക്ക് കേടുവന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ലോക്കോ പൈലറ്റ് മുര്‍സലിമിന് നന്ദി പറയുകയും അവനെ അഭിനന്ദിക്കുകയും ചെയ്തു. കേടുവന്ന ഭാഗം അറ്റകുറ്റപ്പണിനടത്തിയ ശേഷമാണ് ട്രെയിന്‍ പിന്നീട് യാത്ര പുറപ്പെട്ടത്.വലിയൊരു ദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിച്ച മുര്‍സലിം ശൈഖിന്റെ ധീരതയെ അഭിനന്ദിച്ച നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ, നിരവധി പേരുടെ ജീവന്‍ രക്ഷിച്ച നന്ദിയും പറഞ്ഞു. മുര്‍സലിമിന്റെ വീട്ടില്‍ സ്ഥലം എം.പിയും ബി.ജെ.പി നേതാവുമായ ഖാഗെന്‍ മുര്‍മുവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സുരേന്ദ്ര കുമാറും എത്തി അനുമോദന സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും കൈമാറുകയുംചെയ്തു. എന്നാല്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചതിന് സമ്മാനത്തുകയായി കേവലം 1,500 രൂപ മാത്രം നല്‍കിയ റെയില്‍വേ നടപടി വിവാദമായിട്ടുണ്ട്. 300 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള മാള്‍ഡയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ റൗണ്ട് ട്രിപ്പിന് മാത്രമെ തികയൂവെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെട്ടു.