പാലക്കാട് യുവാക്കളുടെ മരണം കൊടും ക്രൂരതയെന്ന് റിപ്പോർട്ട്
പാലക്കാട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടത് വയര്‍ കീറിയതിന് ശേഷം. കൊടുമ്പ് പഞ്ചായത്തില്‍ കരിങ്കരപ്പുള്ളിയില്‍ പാടശേഖരത്തില്‍ പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ്(22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേക്കുന്നും ഷിജിത്ത്(22) എന്നിവരുടെ മൃതദേഹങ്ങളാണ് വയര്‍ കീറിയതിന് ശേഷം ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത ശേഷം വിവസ്ത്രമാക്കി കുഴിച്ചിട്ടതെന്ന് പാലക്കാട് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.ഇതേ തുടര്‍ന്ന് അറസ്റ്റിലായ സ്ഥലത്തിന്റെ ഉടമ അനന്ദ കുമാറിനെ ചോദ്യം ചെയ്ത് വരുകയാണ്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച രാവിലെയാണ് യുവാക്കളുടെ മൃതദേഹം സ്ഥലം ഉടമ കണ്ടെത്തിയത്. തുടര്‍ന്ന് പരിഭ്രാന്തനായ ഇയാള്‍ തെളിവ് നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ പുറത്തേക്ക് വരാതിരിക്കാനാണ് ഇയാള്‍ വയര്‍ കീറി കുഴിച്ചിട്ടതെന്നാണ് പൊലീസിന് നല്‍കിയ മൊഴി.മൃതദേഹം കുഴിച്ചിടാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാവും പ്രതിയ്‌ക്കെതിരെ ചുമത്തുക. സ്ഥലത്തിന്റെ ഉടമ അനന്ദ കുമാര്‍ പാടത്ത് കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പന്നിയ്ക്ക് കെണിയൊരുക്കിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് യുവാക്കള്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.പൊലീസിനെ ഭയന്ന് യുവാക്കള്‍ വയലിലേക്ക് ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ സജീഷ്, ഷിജിത്ത് എന്നീ യുവാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. ഇരുവരെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പാടത്തു മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് മണ്ണ് നീക്കിമാറ്റി നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ കാല് കണ്ടെത്തുകയായിരുന്നു. സ്ഥലത്തിന്റെ ഉടമ ആനന്ദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.പ്രദേശത്ത് ഞായറാഴ്ച രാത്രി നടന്ന ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ നാല് പേരും കരിങ്കരപ്പുള്ളിയില്‍ സതീഷിന്റെ ബന്ധുവീട്ടിലാണു ഒളിവില്‍ താമസിച്ചിരുന്നത്. പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് സതീഷിനെയും ഷിജിത്തിനെയും കാണാതായി. ഫോണിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.