ഔഗേൻ ബാവാ മാർത്തോമ്മൻ പൈതൃകത്തിന്റെ കാവൽഭടൻ : പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം : വിനയവും ദീനാനുകമ്പയും കരുതലും ജീവിത ശൈലിയാക്കിയ പരമയോഗിയായിരുന്നു പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി സ്മൃതിസന്ധ്യ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. അറിയപ്പെടുന്ന സുറിയാനി പണ്ഡിതൻ എന്ന നിലയിൽ ഔഗേൻ ബാവാ സഭയുടെ ആരാധനക്രമങ്ങൾക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. സുറിയാനി ഭാഷയെ അതിന്റെ ഉറവിടത്തിൽ പോയി ഹൃദിസ്ഥമാക്കാൻ ഔഗേൻ ബാവാ പുലർത്തിയ ആവേശം അദ്ദേഹത്തിന്റെ രചനകളെ മനോഹരങ്ങളാക്കിമാറ്റി. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മാർത്തോമ്മൻ പൈതൃകത്തെ ഒരു കെടാവിളക്ക് പോലെ കാത്ത് സൂക്ഷിച്ച കാവൽ ഭടനായിരുന്നു ഔഗേൻ ബാവായെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ അനുസ്മരണപ്രഭാഷണം നടത്തി. സുറിയാനി ഭാഷാ പൈതൃകത്തെ അടുത്ത തലമുറയിലേക്ക് കൈമാറിയ മഹാഗുരുവായിരുന്നു പരിശുദ്ധ ഔഗേൻ ബാവായെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാരതീയ ശൈലി ജീവിതത്തിൽ പകർത്തിയ ഒരു സന്യാസിയായിരുന്നു ഔഗേൻ ബാവായെന്നും മാർ തോമസ് തറയിൽ പറഞ്ഞു.മലങ്കരയിലെ സുറിയാനി വൈജ്ഞാനികധാര : ആരാധനാ ക്രമീകരണങ്ങളിൽ പരിശുദ്ധ ഔഗേൻ ബാവായുടെ സംഭാവനകൾ എന്ന വിഷയത്തിൽ മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ, പരിശുദ്ധ ഔഗേൻ ബാവായുടെ രചനകളിലെ സാഹിത്യ സൗന്ദര്യവും മഹർഷിദർശനങ്ങളും എന്ന വിഷയത്തിൽ ഫാ.ഡോ.ജേക്കബ് കുര്യൻ, മലങ്കരയിലെ സുറിയാനി ഭാഷാ പാരമ്പര്യങ്ങളിൽ പരിശുദ്ധ ഔഗേൻ ബാവായുടെ സംഭാവനകൾ എന്ന വിഷയത്തിൽ ഫാ.ഡോ.ബേബി വർഗീസ്, പരിശുദ്ധ ഔഗേൻ ബാവാ കാതോലിക്കാ സിംഹാസനത്തിലെ മാർത്തോമ്മൻ പൈതൃകത്തിന്റെ പ്രകാശം എന്ന വിഷയത്തിൽ ഫാ.ഡോ.എം.ഒ.ജോൺ എന്നിവർ പ്രബന്ധാവതരണം നടത്തി.സ്മൃതിമൊഴിയിൽ സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് സംസാരിച്ചു.എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ, സഭാ വർക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, വൈദിക സെമിനാരി വിദ്യാർത്ഥികൾ, വിശ്വാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ കൃതജ്ഞത രേഖപ്പെടുത്തി.

