നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റയെന്ന് പരാതി
നെയ്യാറ്റിൻകര : മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റയെന്ന് പരാതി. നെയ്യാറ്റിൻകരയിലെ തീരദേശ മേഖലയായ കാഞ്ഞിരംകുളം, ഊരമ്പ് , ചാമ വിള, കുറുവാട് , പുതിയതുറ, പഴയ കട, പുത്തൻകട, തീരദേശ മേഖല ചന്തകളിൽ നിന്ന് ചെമ്പല്ലി ഇനത്തിൽപ്പെട്ട മത്സ്യം വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 35 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും , കാരക്കോണം മെഡിക്കൽ കോളേജിലും , നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കുറച്ചുപേരെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമായി തുടരുകയാണ്.

