രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ അറസ്റ്റിലായി. രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി രംഗത്തെത്തി.തന്റെ ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. നടന്‍ അജിത് കുമാറിന്റെ ചിത്രം ഉള്‍പ്പെടയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. പ്രസിഡന്റ് ജയിലില്‍ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുപ്പ് നടത്തുന്ന വോട്ടര്‍ എന്നായിരുന്നു മന്ത്രി കുറിച്ചത്. നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരെഞ്ഞടുപ്പില്‍ വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.പ്രതി അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് ഐ ഡി കണ്ടെത്തിയത്. കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചു.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”സമരജ്വാല” എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അബിന്‍ അറിയിച്ചു.