യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; തിരുവനന്തപുരം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു.അതേസമയം, പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പറഞ്ഞു. കറന്‍റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.ഹോസ്റ്റൽ വളപ്പിൽ യൂത്ത് കോൺഗ്രസുകാർ എറിഞ്ഞ പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. കൂടുതൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ റോഡ് തടയുകയും ഫയർഫോഴ്‌സിനെ തടയുകയും ചെയ്തു. കറണ്ട് പുനഃസ്ഥാപിക്കാതെ തീയണക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. തുടർന്ന് ഫയർഫോഴ്സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളമടിച്ച് തീയണക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

