പ്രമേഹരോഗികള്‍ക്കും കഴിക്കാം, കൊളസ്‌ട്രോളില്ലെന്ന പ്രത്യേകതയും

Spread the love

മലയാളികള്‍ക്കേറെ പരിചിതമാണ് മള്‍ബറിയെന്ന പഴം. വിദേശത്തും ഇന്ത്യയിലുടനീളവും മള്‍ബറി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ പോഷകവശങ്ങളെപ്പറ്റി അധികമാരും ചിന്തിക്കാറില്ല. നൂറിലധികം ഇനങ്ങളുണ്ട് മള്‍ബറിയില്‍. പട്ടുനൂല്‍പ്പുഴുവളര്‍ത്തുന്നവരാണ് മള്‍ബറിക്കൃഷി ചെയ്യുന്നതേറെയും. മള്‍ബറിപ്പഴവും ഇലകളും ഒരുപോലെ പോഷകഗുണങ്ങള്‍ നിറഞ്ഞവയാണ്. ജീവകങ്ങള്‍, ധാതുക്കള്‍, ഫ്ളവനോയിഡുകള്‍, ഫൈറ്റോന്യൂട്രിയന്‍സ് എന്നിവയുടെയെല്ലാം കലവറയാണ് മള്‍ബറി. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഈ പഴത്തിന് അകാലവാര്‍ധക്യം തടയാനും കഴിവുണ്ട്. മാത്രമല്ല, കൊളസ്ട്രോളില്ലാത്ത പഴമെന്ന സവിശേഷതയുമുണ്ട്.*ഗുണങ്ങൾ*1. വിറ്റമിന്‍ സി ധാരാളമുള്ള പഴമാണ് മള്‍ബറി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും അണുബാധ, ജലദോഷം എന്നിവ തടയാനും പെട്ടെന്ന് മുറിവുകള്‍ ഉണങ്ങാനും വിറ്റമിന്‍ സി സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും മള്‍ബറി ശീലമാക്കുന്നത് നല്ലതാണ്.2. മള്‍ബറിയിലെ വിറ്റമിന്‍ കെ, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ എല്ലുകളെ ശക്തമാക്കുകയും ഓസ്റ്റിയോപൊറോസീസ് തടയുകയും ചെയ്യും.3. മള്‍ബറിയിലടങ്ങിയ ഫിനോളിക് ആസിഡ് കാന്‍സര്‍ തടയുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായകമാണ്.4. മള്‍ബറിയിലടങ്ങിയ നാരുകള്‍ മലബന്ധം തടയുന്നതിനും രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.5. വിറ്റമിന്‍ എ, വിറ്റമിന്‍ ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും മള്‍ബറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവയെ കുറയ്ക്കും. തലമുടി വളരാനും മള്‍ബറിയിലെ പോഷകങ്ങള്‍ സഹായിക്കും.6. മള്‍ബറിയില്‍ ഇരുമ്പ് ധാരാളമടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്ഷീണം, വിളര്‍ച്ച, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയുള്ളവര്‍ക്ക് മികച്ചതാണ്.7. റെസ്വെറാടോള്‍ എന്ന രാസപദാര്‍ഥം ധാരാളമുണ്ട് മള്‍ബറിയില്‍. ഇത് ശരീരത്തിലെ നൈട്രിക്ക് ഓക്സൈഡിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതിനെ തടയുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.8. കണ്ണിന്റെ ആരോഗ്യത്തിനും മള്‍ബറി നല്ലതാണ്. ഇതിലടങ്ങിയ കരോട്ടിനോയിഡുകള്‍ തിമിരബാധ തടയും.9. അരുണരക്താണുക്കളുടെ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള കഴിവും മള്‍ബറിക്കുണ്ട്.10. മള്‍ബറിയിലെ വിറ്റമിന്‍ ഇ നാഡീവ്യവസ്ഥയെ ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നും തടയുന്നു. ഇത് അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കും.*ശ്രദ്ധിക്കാന്‍1. വിറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ട്, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നവര്‍ മള്‍ബറി ഒഴിവാക്കുന്നതാണ് നല്ലത്.2. മള്‍ബറിയില്‍ അയണ്‍ ധാരാളമുള്ളതിനാല്‍ അയണ്‍ ടാബ്ലെറ്റുകള്‍ കഴിക്കുന്നവര്‍ മള്‍ബറി ഒഴിവാക്കുക.3. മള്‍ബറി അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിന് കാരണമാകും.*തയ്യാറാക്കിയത്.*ഉഷാ മധുസൂദനന്‍,സീനിയര്‍ ഡയറ്റീഷൻ,അല്‍മാസ് ഹോസ്പിറ്റല്‍,കോട്ടയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *