കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂര്‍ പിന്നിട്ടിട്ടും : കണ്ടെത്താനാകാതെ പോലീസ്
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് രാത്രി മുഴുവന്‍ നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും പ്രതികള്‍ ആരെന്ന സൂചന പോലുമില്ല. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ വൈകീട്ട് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാന്‍ സഹോദരന്‍ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയില്‍ നിന്ന് കിട്ടിയ വാഹന നമ്പര്‍ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തുന്നത്. രണ്ട് തവണയാണ് ഫോണ്‍ കോള്‍ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പൊലീസ് അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണില്‍ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങള്‍ വാങ്ങിയെന്നും അവര്‍ ഫോണ്‍ വിളിക്കാനുപയോഗിച്ചെന്നുമാണ് കടയുടമ പൊലീസിന് നല്‍കിയ മൊഴി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.