ബിജെപി നേതാവ് കെ. അണ്ണാമലൈയുടെ പ്രസ്താവന : തമിഴ്നാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം
ചെന്നൈ: ലോക്സഭാതിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന കെ. അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി തമിഴ്നാട് ബി.ജെ.പി.യില്‍ ഭിന്നത രൂക്ഷം. അണ്ണാമലൈയുടേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് മറ്റുനേതാക്കള്‍ പറയുന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാല്‍ രാജിവെക്കുമെന്ന് അണ്ണാമലൈ ദേശീയനേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിയുന്നത്.ചെന്നൈയില്‍നടന്ന പാര്‍ട്ടിഭാരവാഹികളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തനിച്ചുമത്സരിക്കണമെന്ന് അണ്ണാമലൈ നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ അധ്യക്ഷപദവിയേറ്റത് ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാനാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്നില്‍ നില്‍ക്കാനല്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ പ്രബലകക്ഷിയാവുകയെന്ന ലക്ഷ്യം നിറവേറ്റണമെങ്കില്‍ ബി.ജെ.പി. തനിച്ചുമത്സരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പാര്‍ട്ടിയുടെ മുതിര്‍ന്നനേതാക്കളായ വാനതി ശ്രീനിവാസനും നാരായണന്‍ തിരുപ്പതിയും എതിര്‍പ്പുപ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. ഇക്കാര്യം വിശദീകരിക്കണമെന്ന് നാരായണന്‍ ആവശ്യപ്പെട്ടു. സഖ്യം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന് വാനതി ശ്രീനിവാസന്‍ പറഞ്ഞു.പാര്‍ട്ടിനേതാവ് നൈനാര്‍ നാഗേന്ദ്രന്‍ അണ്ണാമലൈയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ചു. അണ്ണാമലൈയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ദേശീയനേതൃത്വത്തിന്റെ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യമില്ലാതെ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു നടക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തനിച്ചുമത്സരിക്കുന്ന കാര്യം ബി.ജെ.പി. ദേശീയനേതൃത്വവുമായി ചര്‍ച്ചചെയ്യാന്‍ അണ്ണാമലൈ സമയംതേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തുമ്പോള്‍ ഈ വിഷയം അണ്ണാമലൈ ഉന്നയിക്കും. തന്റെ അഭിപ്രായം മറികടന്ന് സഖ്യവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷപദം രാജിവെക്കുമെന്ന് അദ്ദേഹം അടുത്ത അനുയായികളെ അറിയിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ സഖ്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് ബി.ജെ.പി.യല്ല, എ.ഐ.എ.ഡി.എം.കെ.യാണെന്നായിരുന്നു പാര്‍ട്ടിനേതാവ് ഡി. ജയകുമാറിന്റെ പ്രതികരണം. പ്രവര്‍ത്തകരെ രസിപ്പിക്കാനാവും അണ്ണാമലൈ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ജയകുമാര്‍ പറഞ്ഞു. ബി.ജെ.പി. ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എ.ഐ.എ.ഡി.എം.കെ.യിലും പ്രബലമാണ്.