കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതി യുവഡോക്ടറെ കുത്തി കൊലപ്പെടുത്തി

Spread the love

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ യുവഡോക്ടർ മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്.അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു.പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.പൊലീസിന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ട്.ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *