മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യ : റുവൈസിന്റെ പിതാവും ഒളിവിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥിനി ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ പിതാവും ഒളിവിൽ. പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി വീട്ടിലെത്തിയപ്പോൾ ആരുമുണ്ടായിരുന്നില്ല. റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഷഹനയുടെ മരണത്തിന് പിന്നാലെ സഹോദരൻ ജാസിം നാസ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിന് വേണ്ടി സമ്മർദം ചെലുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് പിതാവിനെയും കേസിൽ പ്രതി ചേർക്കാൻ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇയാളെ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് വീട്ടിലെത്തിയത്. ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം അറസ്റ്റിലായ പ്രതി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. ഷഹനയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. കേസിലെ പ്രധാന തെളിവായ റുവൈസിന്റെയും ഷഹനയുടെയും ഫോൺ സൈബർ പരിശോധനക്ക് അയക്കും.