മാസപ്പടി വിവാദം : മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, രമേശ് ചെന്നിത്തല അടക്കം 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരൻ എതിർ കക്ഷികളായി ചൂണ്ടിക്കാണിച്ച പിണറായി വിജയൻ, വീണ വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള 12 പേർക്കെതിരെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആദ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി അമികസ് ക്യൂറിയെ നിയോഗിക്കുകയായിരുന്നു. കേസുമായി മുന്നോട്ടുപോകാമെന്ന അമികസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് നടപടികൾ തുടരുന്നത്.