രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തി
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തി. വിഗ്രഹം എത്തുന്ന വേളയിൽ ക്ഷേത്രമെങ്ങും ‘ജയ് ശ്രീറാം’ വിളി മുഴങ്ങിയിരുന്നു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ട്രക്കിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വിഗ്രഹം ഉയർത്തിയത്. വിഗ്രഹം ശ്രീകോവിലിന് ഉള്ളിലേക്ക് കയറ്റുന്നതിനു മുൻപ് പ്രത്യേക പൂജയും നടന്നിരുന്നു. പ്രാണപ്രതിഷ്ഠാച്ച ചടങ്ങിന് മുൻപായി നടത്തുന്ന സപ്താഹ ചടങ്ങുകളുടെ രണ്ടാം ദിനമാണ് വിഗ്രഹം ക്ഷേത്രത്തിനുള്ളിൽ എത്തിച്ചത്.കർണാടക മൈസൂരു സ്വദേശിയും, പ്രമുഖ ശിൽപിയുമായ അരുൺ യോഗിരാജാണ് കരിങ്കല്ലിൽ വിഗ്രഹം കൊത്തിയെടുത്തത്. ഏകദേശം 200 കിലോയോളമാണ് വിഗ്രഹത്തിന്റെ ഭാരം. ശ്രീരാമന്റെ ബാല്യകാല രൂപമാണ് അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹം. വിഗ്രഹത്തെ അയോധ്യയിലേക്ക് കൊണ്ടുവരുന്ന ഘോഷയാത്രയ്ക്ക് ഹനുമാൻഗർഹി അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. ജനുവരി 22നാണ് ഭാരതം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക.