ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷമായി തുടരുന്നു : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷമായി തുടരുന്നു. അന്തരീക്ഷതാപനില ക്രമാതീതമായി കുറഞ്ഞതോടെ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ശീതക്കാറ്റിന് സാധ്യത. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ ലക്നൗ, ഗാസിയാബാദ് എന്നിവിടങ്ങളിൽ എട്ടാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിലെ സ്കൂളുകളിൽ 9 മണിക്ക് ശേഷം മാത്രമാണ് ക്ലാസ് ആരംഭിക്കുക. ഹരിയാനയിൽ ശൈത്യകാല അവധി ഇന്ന് അവസാനിക്കുന്നതാണ്.ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. ഡൽഹിയിൽ ശൈത്യത്തോടൊപ്പം വായുമലിനീകരണവും അതിരൂക്ഷമായി തുടരുകയാണ്. ശൈത്യത്തെ തുടർന്നുള്ള ശക്തമായ മൂടൽമഞ്ഞ് കാരണം ട്രെയിൻ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്.