എഴുത്തുകാരി പി വത്സല അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലയുടേത്. സംസ്കാരം പിന്നീട്.1960-കൾമുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറംലോകത്തിന് മുന്നിൽ അനാവരണം ചെയ്യാൻ വത്സല എന്നും ശ്രമിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്.കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.