പക്ഷിപ്പനി -പഠന സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
2014 മുതൽ പക്ഷിപ്പനി കേരളത്തിൽ ആലപ്പുഴയിലെ കുട്ടനാട് മേഖലകളിലും തൊട്ടടുത്ത ജില്ലകളായ പത്തനംതിട്ട കോട്ടയം ജില്ലകളിലും കണ്ടു വരുന്നു. രോഗം നിർണയിച്ചു കഴിഞ്ഞാൽ പക്ഷിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത് കേന്ദ്രസർക്കാരിൻറെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ്. അതനുസരിച്ചുള്ള നടപടികളാണ് മുൻ വർഷങ്ങളിലെന്ന പോലെ ഈ വർഷവും നടത്തിയിട്ടുള്ളത്. സാധാരണ വർഷത്തിന്റെ അവസാന മാസങ്ങളായ ഒക്ടോബർ നവംബർ, ഡിസംബർ, മാസങ്ങളിലാണ് ദേശാടനപ്പക്ഷികളുടെ വരവോടുകൂടി ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന സ്ഥലങ്ങളിൽ പക്ഷിപ്പനി കേരളത്തിൽ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത വന്നിട്ടുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വേനലിൽ 2024 ഏപ്രിൽ മാസം പകുതിയോടുകൂടിയാണ് ആലപ്പുഴ ജില്ലയിലെ എടത്വ,ചെറുതന പഞ്ചായത്തുകളിലെ താറാവുകളിൽ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഈ സാഹചര്യത്തിൽ അടിയന്തരമായി മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിൽ രോഗബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആക്ഷൻ പ്ലാൻ കൃത്യമായി പാലിക്കുന്നതിനും രോഗനിരീക്ഷണം കർശനമാക്കുന്നതിനും സർക്കാർ ഫാമുകളിലെ ബയോ സെക്യൂരിറ്റി സംവിധാനങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം നൽകുകയുണ്ടായി. ഇപ്രാവശ്യം ബാധിച്ച പക്ഷിപ്പനിയുടെ വ്യാപനം,പ്രഹരശേഷി,സർക്കാർ ഫാമുകളിൽ ഉൾപ്പെടെ പുതിയ പ്രദേശങ്ങളിൽ ബാധിച്ച സാഹചര്യം ഇവയൊക്കെ പഠിച്ച് കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളും ഭാവി പരിപാടികളും നിശ്ചയിക്കുവാനായി മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി ഒരു വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിക്കുകയും ചെയ്തു. കൂടാതെ പക്ഷിപ്പനിയെ സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് സ്വകാര്യ സംരംഭകരുടെയും കോൺട്രാക്ട് ഫാർമേഴ്സിൻ്റെയും ഒരു യോഗം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ വിളിച്ചു ചേർക്കുകയും ഇപ്രാവശ്യത്തെ രോഗബാധയെ സംബന്ധിച്ച തൽസ്ഥിതി അറിയിക്കുകയും സർക്കാരിൻറെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പരിപാടികളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെയും കർഷകരുടെയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.സർക്കാർ നൽകിയിട്ടുള്ള ടേംസ് ഓഫ് റഫറൻസ് പ്രകാരം തയ്യാറാക്കിയ പ്രവർത്തന രൂപരേഖയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ,പത്തനംതിട്ട ,കോട്ടയം ജില്ലകളിലെ രോഗ ബാധിത പ്രദേശങ്ങളിലെ കർഷകരുമായും പൊതുജനങ്ങളുമായും മൃഗസംരക്ഷണവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയാണ് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങളുടെ പ്രായോഗിക വശങ്ങളെ കുറിച്ച് വിശദമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.പക്ഷിപ്പനി സംബന്ധിച്ച പഠന സംഘത്തിന്റെ കണ്ടെത്തലുകൾ ദേശാടന പക്ഷികളിൽ നിന്നും വൈറസ് പടർന്നിരിക്കാംഅസുഖം ബാധിച്ച പക്ഷികളുടെ വിൽപ്പനയിലൂടെയും അസുഖം ബാധിച്ച പക്ഷികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയത് മൂലം വൈറസ് പടർന്നിരിക്കാം.പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ അസുഖം ബാധിച്ച പറവകളിൽ നിന്നും വളരെ വേഗത്തിൽ മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ് ഉണ്ടായിട്ടുള്ളത് .ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെയും തണ്ണീർമുക്കത്തും ബ്രോയിലർ ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഫാമുകളിൽ നിന്ന് മറ്റു ഫാമുകളിലേക്ക് ഉള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായി. ഇവർ എല്ലാ ദിവസവും ഫാമുകൾ സന്ദർശിക്കാറുണ്ടായിരുന്നു. കൂടാതെ മരുന്നുകൾ വിതരണം ചെയ്യുന്നതിനും അസുഖം ബാധിച്ച പക്ഷികളുടെ ചികിത്സ സംബന്ധമായും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനും ആയി ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇത്തരം ഇന്റഗ്രേഷൻ ഫാമുകൾ സന്ദർശിക്കാറുണ്ടായിരുന്നു.ഇത്തരം ബ്രോയിലർ ഫാമുകളിൽ രോഗം ബാധിച്ച കാക്കകൾ മുഖേനയും അസുഖം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം ഇന്റഗ്രേഷൻ ഫാമുകളിൽ അസുഖം ഉണ്ടായ വിവരം അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുവാൻ വൈകിയതിനാൽ പ്രതിരോധ നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നതിനു കാലതാമസമുണ്ടാവുകയും അസുഖം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനു കാരണമാവുകയും ചെയ്തു.സംസ്ഥാനത്തിന് പുറത്തു നിന്നും ഒരു ദിവസം മാത്രം പ്രായമായ പക്ഷേ കുഞ്ഞുങ്ങളെയോ വിരിയിക്കാൻ പാകമായ മുട്ടകളെയോ ആണ് കൊണ്ട് വരാറുള്ളത് . പക്ഷേ അവയ്ക്കൊന്നും അസുഖം ബാധിച്ചില്ല എന്ന് മാത്രമല്ല ഇവിടെ നിലവിൽ ഉണ്ടായിരുന്ന വളർച്ചയെത്തിയ പക്ഷികളെയാണ് ആദ്യം രോഗം ബാധിച്ചത്.ആയതിനാൽ സംസ്ഥാനത്തിന് പുറത്തു നിന്നും രോഗബാധ ഉണ്ടായതായി അനുമാനിക്കാൻ കഴിയില്ല.വനങ്ങളിൽ പാർക്കുന്ന വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽ നിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും പടർന്നിരിക്കാൻ സാധ്യതയുണ്ട്.ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ബ്രോയിലർ കോഴികളിലും താറാവുകളിലും വിശദമായി പഠനം നടത്തേണ്ടതുണ്ട്.നിലവിൽ ബാധിച്ചിട്ടുള്ള പക്ഷിപ്പനി വൈറസിന്റെ ജനിതക പഠനം വിശദമായി പഠിച്ചാൽ മാത്രമേ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന് പഠനസംഘം വിലയിരുത്തി.വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾഅടിയന്തരമായി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾപക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും 2021 ലെ ദേശീയ കർമ്മ പദ്ധതി കർശനമായി പാലിക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു.പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും ( അകത്തോട്ടും പുറത്തോട്ടും) 2025 മാർച്ച് അവസാനം വരെ നിരോധിക്കണമെന്ന് സമിതി നിർദേശിച്ചു. ( അതായത് ഒരു മൈഗ്രേറ്ററി സീസൺ ).നിരീക്ഷണ മേഖലയിൽ നിന്നും കോഴി/ താറാവ് ഇറച്ചി,മുട്ട ,കഷ്ടം എന്നിവ ഒരു കാരണവശാലും 2025 മാർച്ച് മാസം അവസാനം വരെ പുറത്തേക്ക് വിൽക്കരുത്.നിരീക്ഷണ മേഖലയിൽ നിന്നും നിലവിലുള്ള പക്ഷികളെ ഒരു കാരണവശാലും 2025 മാർച്ച് മാസം അവസാനം വരെ പുറത്തേക്ക് വിൽക്കരുത്.രോഗ ബാധിത ജില്ലകളിൽ 2025 മാർച്ച് മാസം അവസാനം വരെ പുതിയ താറാവുകളെയോ കോഴികളെയോ റീസ്റ്റോക്ക് ചെയ്യരുത്.നിരീക്ഷണ മേഖലയിലുള്ള സർക്കാർ ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് മാസം അവസാനം വരെ അടച്ചിടേണ്ടതാണ്.മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്കരിക്കുക. ഫാമുകളിലെ അവശിഷ്ടങ്ങളും അറവുശാലകളിലെ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക. അതുവഴി മറ്റു കാക്കയും പരുന്തും പോലുള്ള പറവകളുമായി സമ്പർക്കം ഒഴിവാക്കുക.സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കർശന നിരീക്ഷണത്തിന്റെ ഭാഗമായി മൂന്നുമാസത്തിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുക. കുട്ടനാട് മേഖലയിൽ കർശന നിരീക്ഷണത്തിന്റെ ഭാഗമായി വർഷത്തിലെ എല്ലാ മാസവും സാമ്പിളുകൾ ശേഖരിച്ച് (2025 മാർച്ച് മാസം അവസാനം വരെ) പരിശോധന നടത്തുകമരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങളും ഫാമുകളിലെ അവശിഷ്ടങ്ങളും അറവുശാലകളിലെ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക. അതുവഴി മറ്റു കാക്കയും പരുന്തും പോലുള്ള പറവകളുമായി സമ്പർക്കം ഒഴിവാക്കുക.ചെക്ക്പോസ്റ്റുകളിൽ ശക്തമായ നിരീക്ഷണവും ജൈവ സുരക്ഷ പരിശോധനയും ശക്തമാക്കുക.ഒരു പ്രദേശത്ത് ഏതെങ്കിലും സാഹചര്യത്തിൽ സ്വകാര്യ ഫാമുകളിൽ പക്ഷികളിൽ അസുഖം ഉണ്ടാകുന്ന പക്ഷം എത്രയും പെട്ടെന്ന് അടുത്ത മൃഗാശുപത്രിയിൽ വിവരം കർശനമായി അറിയിക്കുന്നത്തിനു നിയമപരമായ തീരുമാനം ഉണ്ടാവുക.സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ രെജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസൻസ് നിർബന്ധമാക്കുക.ബ്രോയിലർ ഇൻറഗ്രേഷൻ ഫാമുകളുടെ നടത്തിപ്പിന് അടുത്തുള്ള മൃഗാശുപത്രികളിൽ അവയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുക അതിനായി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക.കുട്ടനാട് മേഖലയിലും ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന മേഖലകളിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക.കോഴി കർഷകരിലും ദ്രുത പ്രതികരണ ടീം അംഗങ്ങളിലും ആരോഗ്യവകുപ്പ് മുഖേന ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കുക.പക്ഷിപ്പനി നിയന്ത്രണത്തിന് പഠന സംഘം നിർദ്ദേശ്ശിക്കുന്ന സമീപകാല പദ്ധതികൾമറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്ക്രീനിങ് നടത്തേണ്ടതാണ്.പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും നടത്തേണ്ടതാണ്.ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായും(BNHS) മറ്റു എൻജിഒകളുടെ സഹായത്തോടുകൂടിയും വനം വന്യജീവി വകുപ്പിന്റെ അനുമതിയോടുകൂടിയും ദേശാടനപ്പക്ഷികളുടെയും വന്യ പറവകളുടെയും സഞ്ചാരപഥം നിരീക്ഷിക്കുകയും അവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.പക്ഷിപ്പനി നിയന്ത്രണ വിധേയമാകുന്നതുവരെ രോഗബാധിത പ്രദേശങ്ങളിൽ താറാവിന്റെ എണ്ണം ക്രമേണ കുറയ്ക്കുക.ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തേണ്ടതാണ്.തൊഴിലാളികളുടെ ശുചിത്വവും ജൈവസുരക്ഷാ രീതികളും ഉറപ്പാക്കണം.കുട്ടനാട് മേഖലയിൽ സഞ്ചരിക്കുന്നതും ജൈവ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയതുമായ ഇറച്ചി സംസ്കരണ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുക.അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി/താറാവ് ഇറച്ചി സംസ്കരണത്തിന് ലൈസൻസ് നൽകുകകോഴി/ താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കുക. അവയെ മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിയമാനുസൃതം സംസ്കരിക്കുക.കുട്ടനാട് മേഖലയിൽ നിന്നും പുറത്തുള്ള പഞ്ചായത്തുകളിലേയ്ക്ക് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്പന പാടില്ല.ഒരു താറാവളർത്തൽ കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ താറാവുകളെ മാത്രം വളർത്താൻ അനുമതി നൽകുക. കൂടാതെ ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തേണ്ടതാണ്.ദേശീയ പഠന ഏജൻസികളുമായി ചേർന്ന് കേരളത്തിലെ പക്ഷിപ്പനിയെ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുക.പഞ്ചായത്ത് തലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് ,ആരോഗ്യവകുപ്പ് ,റവന്യൂ വകുപ്പ്, ആഭ്യന്തര വകുപ്പ്, വനം വന്യജീവി വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിച്ച് ഏകാരോഗ്യ സമിതികൾ രൂപീകരിക്കുക .പക്ഷിപ്പനി നിയന്ത്രണത്തിന് പഠന സംഘ നിർദ്ദേശ്ശിക്കുന്ന ദീർഘകാല പദ്ധതികൾ ദേശാടന പക്ഷികളിൽ നിന്നും അസുഖം പടരാൻ സാധ്യതയുള്ളതിനാൽ കുട്ടനാട് മേഖലയിൽ താറാവുകളെ പാടത്തും കായലിലും തുറന്നുവിട്ട് വളർത്തുന്ന രീതി മാറ്റി കൂടുകളിലും ഫാമുകളിലും വളർത്തുക.താറാവുകളെ പാടത്തേക്ക് ഇറക്കി വളർത്തുന്നതിന് പകരം കൂടുകളിലും ഫാമുകളിലും വളർത്തുന്ന രീതിയുടെ സാമ്പത്തിക വശങ്ങൾ വിശദമായി പഠിച്ചു അത് ലാഭകരമായി നടത്തുവാൻ കഴിയുന്നതാണെങ്കിൽ അത് നടപ്പിലാക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുവാൻ സമിതി ശുപാർശ ചെയ്തു.പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന അടിയന്തരസാഹചര്യങ്ങളിൽ വൈറസിന്റെ സാന്നിധ്യം അടിയന്തരമായി പരിശോധിച്ചു സ്ഥിരീകരിച്ച് നിയന്ത്രണ പ്രതിരോധ നടപടികൾ ഊർജിതമായി കൈക്കൊള്ളുന്നതിന് വേണ്ടി ഒരു BSL-3 ലാബോറട്ടറി വകുപ്പിന്റെ കീഴിൽ സ്ഥാപിക്കുക.പക്ഷിപ്പനി ബാധിത മേഖലകളിൽ കേന്ദ്ര- സംസ്ഥാന ഏകാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി കർശനമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പോലെയുള്ള മേഖലകളിലെ താറാവ് വളർത്തൽ കേന്ദ്രങ്ങളിലും ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന മേഖലകളിലും പക്ഷിപ്പനി വൈറസ് സാന്നിധ്യം നിലനിൽക്കുന്നതിന് സഹായകരമാകുന്ന ഘടകങ്ങളെ കുറിച്ച് പഠിക്കുന്നതിന് ഒരു സമഗ്ര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.പക്ഷിപ്പനി നിയന്ത്രണ വിധേയമാകുന്നതുവരെ രോഗബാധിത പ്രദേശങ്ങളിൽ താറാവിന്റെ എണ്ണം ക്രമേണ കുറയ്ക്കുക.കുട്ടനാട് മേഖലയിൽ അടിക്കടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന രോഗപ്രതിരോധ മാർഗ്ഗങ്ങളിലൊന്നായ വാക്‌സിനേഷൻ നടത്തുന്നതിന് കേന്ദ്രാനുമതി വാങ്ങുകയും അത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും വിദഗ്ധ സമിതി ശുപാർശ ചെയ്തു.