സി.പി.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും
തിരുവനന്തപുരം: സി.പി.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ 9 ഇടങ്ങളില്‍ നിന്നുള്ള റാലി അഞ്ചുമണിയോടുകൂടി ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിക്കും. സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളുടെ പ്രതിനിധികളും സാംസ്‌കാരിക രംഗത്തെ വിവിധ പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമാകും. കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് ലീഗ് പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.അതേസമയം, പാര്‍ട്ടി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെപോലെ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കാത്ത, വര്‍ഗീയതയെ പിന്തുണക്കാത്ത എല്ലാവിഭാഗത്തിനും കടന്നുവരാനുള്ള വേദിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി തൃശൂര്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം റാലിയില്‍ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞപ്പോഴും സി.പി.എം ലീഗിനെ ക്ഷണിച്ചപ്പോഴും കോണ്‍ഗ്രസിനും മാധ്യമങ്ങള്‍ക്കും വലിയ ഉത്കണ്ഠയായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ കക്ഷിരാഷ്ട്രീയത്തിന് എതിരായ നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ചത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സി.പി.എം നടത്തിയാലേ ശരിയാകൂവെന്ന തെറ്റിദ്ധാരണയും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ നടത്തുന്നതുപോലെയോ അതിനെക്കാള്‍ ചെറുതായോ വലുതായോ ലോകത്തെവിടെ നടത്തിയാലും അവര്‍ക്കൊപ്പമാണ് സി.പി.എം. അതേസമയം, ആര്യാടന്‍ ഷൗക്കത്ത് ഐക്യദാര്‍ഢ്യറാലി നടത്തിയപ്പോള്‍ അതിനെ വിലക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത് അദ്ദേഹം വിമര്‍ശിച്ചു.