കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോണ്‍ഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സര്‍വേ. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബിജെപിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വമ്പന്‍ പ്രചാരണമാണ് നടത്തുന്നത്.ഇതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചനം നടത്തിയിട്ടുണ്ട് . ദക്ഷിണേന്ത്യയില്‍ ഭരണമുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ ബിജെപിക്കു പ്രതീക്ഷിക്കുന്ന വിജയം കിട്ടില്ലെന്നാണ് സര്‍വേ പറയുന്നത്.224 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 107 മുതല്‍ 119 സീറ്റ് വരെ നേടുമെന്നാണു പ്രവചനം. ബിജെപിയുടെ പ്രകടനം 74 86 സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസിന് 23 35 സീറ്റ് കിട്ടിയേക്കും. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ അഞ്ചിടത്ത് വരെ ജയിച്ചേക്കും.ഗ്രേറ്റര്‍ ബെംഗളൂരു, സെന്‍ട്രല്‍ കര്‍ണാടക, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക മേഖലകളില്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം. പഴയ മൈസൂരുവില്‍ ജെഡിഎസ് ഒപ്പത്തിനൊപ്പമാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണു ബിജെപിക്കു നല്ല പ്രകടനം കാഴ്ച വയ്ക്കാനാവുകയെന്നും സര്‍വേ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് 40 ശതമാനം വോട്ടുവിഹിതം നേടുമ്പോള്‍ ബിജെപിക്ക് 35 ശതമാനം, ജെഡിഎസിന് 17 ശതമാനം എന്നിങ്ങനെയാണ് പ്രവചിക്കുന്നത്. 17,772 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. മേയ് 10ന് ഒറ്റഘട്ടമായാണു തിരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.