ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച യുവതിക്ക് : ഒരു ലക്ഷം രൂപ നഷ്ടമായി
കണ്ണൂര്‍: മംഗ്‌ളൂരിലുളള ആശുപത്രിയില്‍ അപ്പോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.ഗൂഗിളില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ് ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം 10 രൂപ അടക്കാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി അതില്‍ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കില്‍ കയറി പണം അടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമര്‍ കെയര്‍ നമ്പറോ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുക ആണെങ്കില്‍ അതിന്റെ അധികാരികത ഉറപ്പ് വരുത്തുന്നത് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.