മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു

Spread the love

തിരവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നുണ്ടെന്നും കെജി പ്രേംജിത്തിനെ ചെയര്‍മാനാക്കി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരള കോണ്‍ഗ്രസിന്റെ (ബി)യുടെ കയ്യിലിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തതിനെതിരെ ഗണേഷ് കുമാര്‍ എല്‍ഡിഫ് കണ്‍വീനര്‍ ഇപി ജയരാജന് കത്ത് നല്‍കിയിരുന്നു. തീരുമാനം മരവിപ്പിക്കണമെന്നും മുന്നണി മര്യാദയ്ക്ക് വിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ബിയെ അറിയിക്കാതെ ചെയര്‍മാനെ മാറ്റിയ തീരുമാനം ഏകപക്ഷീയമായ നടപടിയാണെന്നും നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് ബിക്ക് തന്നെ അവകാശപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോണ്‍ഗ്രസിന് (ബി) നല്‍കിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുള്‍പ്പെടെ നല്‍കിയാണ് മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത്. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *