രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രമില്ലാതെ അവയവം മുറിച്ചുമാറ്റരുത്’; ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Spread the love

കൊച്ചി: ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. ചികിത്സ തേടി എത്തുന്ന രോഗികളുടെ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടായാല്‍ രോഗികളുടെയോ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ഉറപ്പാക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.മുഖ്യമന്ത്രിയുടെ ഓഫീസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ഗരേഖ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ഇത് സംബന്ധിച്ച് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍.ശസ്ത്രക്രിയ വേണ്ടിവരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ പ്രസ്തുത മാനദണ്ഡം പല ആശുപത്രികളും പാലിക്കപ്പെടുന്നില്ല. അതിനാല്‍ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് രോഗികളുടെ അവയങ്ങള്‍ മുറിച്ച് മാറ്റരുതെന്നും പ്രസ്തുത നയത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയും മാര്‍ഗ്ഗരേഖയില്‍ ഉറപ്പാക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *