ഡോക്ടർമാരുടെ ദിനത്തിൽ : എറണാകുളം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറിന് ക്രൂരമർദ്ദനം
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്കാണ് മർദനമേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. ജോസ്മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.സഹോദരനെ കാണാനെന്ന് പറഞ്ഞാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവർ അകത്തേക്ക് കയറി വരുന്ന സമയത്ത് മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും എതിരെ വരികയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു.പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഡോക്ടറെ നിലത്തിട്ട് ചവിട്ടി മർദിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പൊലിസിന് മൊഴി നൽകിയിരിക്കുന്നത്.