പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മൂന്നുമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് : ചാണ്ടി ഉമ്മനും ജെയ്കും വോട്ടു ചെയ്തു

Spread the love

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മൂന്നുമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. 21 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതായാണ് കണക്ക്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു.ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് ഗവ എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മൻചാണ്ടിയും സഹോദരിമാർക്കുമൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി എൻ വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി.ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയാണ്. അതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലാകെ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *