ഓൺലൈൻ വഴി എരുമയെ വാങ്ങാൻ ഓർഡർ നൽകിയ കർഷകന് നഷ്ടമായത് വൻ തുക

Spread the love

ലക്നൗ: ഓൺലൈൻ വഴി എരുമയെ വാങ്ങാൻ ഓർഡർ നൽകിയ കർഷകന് നഷ്ടമായത് വൻ തുക. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷീരകർഷകൻ സുനിൽ കുമാറാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. യൂട്യൂബിൽ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് സുനിൽ കുമാർ എരുമയെ വാങ്ങാൻ തീരുമാനിച്ചത്. തുടർന്ന് 55,000 രൂപയ്ക്ക് എരുമയെ വില പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇതിനോടൊപ്പം 10,000 രൂപ അഡ്വാൻസും നൽകി. നിലവിൽ, അഡ്വാൻസ് തുകയാണ് കർഷകന് നഷ്ടമായിരിക്കുന്നത്.യൂട്യൂബ് വീഡിയോയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാണ് സുനിൽ കുമാർ എരുമയെ ബുക്ക് ചെയ്തത്. രാജസ്ഥാനിലെ കിഷൻ ഭയ്യാ ഡയറി ഫാമിൽ നിന്നാണ് എരുമയെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. തുടർന്ന് ഫാമിലെ ശുബം എന്ന ആളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ശുബവുമായി ഫോണിൽ സംസാരിച്ചപ്പോൾ മുന്തിയ ഇനം എരുമയാണ് ഉള്ളതെന്നും, ദിവസവും 18 ലിറ്റർ വരെ പാൽ ലഭിക്കുമെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെ എരുമയോടെ ഒരു വീഡിയോയും അയച്ചുനൽകി.എരുമയെ കയ്യിൽ കിട്ടിയ ശേഷം ബാക്കി പണം നൽകിയാൽ മതിയെന്ന് പറഞ്ഞതിനാൽ 10,000 രൂപയാണ് അഡ്വാൻസായി നൽകിയത്. എന്നാൽ, പറഞ്ഞ ദിവസം ഏറെ പിന്നിട്ടിട്ടും എരുമ എത്തിയില്ല. ഫാമിൽ വിളിച്ച് അന്വേഷിച്ചപ്പോൾ 25,000 രൂപ കൂടി നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിൽ സംശയം തോന്നിയ സുനിൽ കുമാർ തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *