കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായി വിഎസ് അച്യുതാനന്ദന് ഇന്ന് 100-ാം പിറന്നാൾ : ആശംസകളുമായ പ്രമുഖർ
തിരുവനന്തപുരം: പുന്നപ്ര വയലാർ സമര നായകനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായി വിഎസ് അച്യുതാനന്ദന് ഇന്ന് 100-ാം പിറന്നാൾ. വിശ്രമ ജീവിതം നയിക്കുന്ന വിഎസ് ആരോഗ്യ സാഹചര്യങ്ങളാൽ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്.2019 ലെ പുന്നപ്ര-വയലാർ രക്തസാക്ഷിത്വ ദിനാചരണമായിരുന്നു വിഎസ് പങ്കെടുത്ത അവസാന പൊതുചടങ്ങ്. 1938 ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിട്ടാണ് വി എസ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു വി എസിന്റെ ആദ്യകാല പ്രവർത്തനം. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. തുടർന്ന് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു.1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ സി പി ഐ ദേശീയ കൗൺസിൽ അംഗം. 1964ൽ സിപിഐ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന 32 പേർ ചേർന്ന് സി പി ഐ എം രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദൻ.