വരൾച്ചാ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദേശം നൽകി കളക്ടർ

Spread the love

വരൾച്ചാ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദേശം നൽകി കളക്ടർ

ജില്ലയിൽ വരൾച്ചാ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശം നൽകി. കളക്ടറേറ്റിൽ നടന്ന വരൾച്ച ലഘൂകരണ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. തൊഴിലുറപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരിലൂടെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം നടത്തണം. തണ്ണീർ പന്തലുകൾ സ്ഥാപിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറുകൾ, കുളം, എന്നിവയുടെ പുനരുജ്ജീവനം നടത്താനും തീരുമാനിച്ചു.

ചൂട് കൂടിയ സാഹചര്യത്തിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് വെള്ള യൂണിഫോമും കുടിവെള്ള സൗകര്യവും ഉറപ്പാക്കുമെന്ന് പൊലീസ് വിഭാഗം അറിയിച്ചു. പീക്ക് സമയത്ത് മാത്രം പോയിന്റുകളിൽ നിന്നാൽ മതിയെന്ന നിർദേശവും നൽകിയിട്ടുണ്ട്. വേനൽക്കാലത്ത് തീപിടുത്തം തടയുന്നതിനുള്ള പരിശോധനയും അവബോധവും അഗ്‌നിരക്ഷാസേന വകുപ്പ് നടത്തും. ഇതിനായി തീപിടുത്ത സാഹചര്യങ്ങളിൽ തീ അണക്കുന്നതിന് ആവശ്യമായ വെള്ളം സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തും. ഫയർ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

ജലക്ഷാമം രൂക്ഷമായ കൃഷിയിടങ്ങൾ കണ്ടെത്തി, വിളകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ബോധവൽക്കരണം നടത്തുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. മൃഗങ്ങൾക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തി, മൃഗങ്ങളിലുണ്ടാകുന്ന ഉഷ്ണകാല രോഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ, മാർഗങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ട ബോധവൽക്കരണം മൃഗസംരക്ഷണ വകുപ്പ് നടത്തും.

ഉഷ്ണതരംഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ തൊഴിലാളികളിലേക്ക് എത്തിക്കുമെന്നും സൂര്യതാപമേൽക്കാനിടയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ തൊഴിൽ സമയം പുന:ക്രമീകരിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുകയും 11 മണി മുതൽ മൂന്നു മണിവരെ ഔട്ട്‌ഡോർ പരിപാടികൾ ഒഴിവാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാലയങ്ങളിൽ ഒ ആർ എസ്, ആവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തും.

കണ്ടിജന്റ് ജീവനക്കാരുടെ സമയം രാവിലെ ആറ് മണി മുതലാക്കുമെന്നും നഗരത്തിലെ കുടിവെള്ള വിതരണത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു. വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയും ഊർജസംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണവും വൈദ്യുതി വകുപ്പ് സ്വീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശുദ്ധ ജലത്തിന്റെയും ഒ.ആർ.എസ് ന്റെയും വിശ്രമ സ്ഥലങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും ബോധവൽക്കരണം നടത്തുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചൂട് കേന്ദ്രീകരിച്ചുള്ള പരിശോധനാ നടപടിക്രമങ്ങൾ സ്വീകരിക്കാനും മതിയായ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ വി, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *