ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ
കൊൽക്കത്ത: പശ്ചിമ ബംഗാൾ 24 പർഗാനാസിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പലരുടേയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിലുള്ള ഒരു പള്ളിയിൽ വെള്ളിയാഴ്ചയാണ് സംഭവം. റമദാൻ മാസത്തിലെ ആദ്യ ദിവസമായതിനാൽ നിരവധി പേരാണ് നോമ്പ് തുറക്ക് പള്ളിയിൽ പങ്കെടുത്തത്. ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയുമായി കുറച്ചുപേർ ആശുപത്രിയിൽ എത്തി.നോമ്പ് തുറക്ക് ശേഷം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതായാണ് കരുതുന്നതെന്ന് ഡോ. ഹോരിസദൻ മൊണ്ടൽ പറഞ്ഞു. സംഭവത്തിൽ ഒരാൾ നരേന്ദ്രപൂർ പൊലീസിൽ പരാതി നൽകി.